എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ആനിക്കാട് പ്രവർത്തിക്കുന്ന സനാതന സ്കൂൾ ഓഫ് ലൈഫിൽ കോവിഡ് കാലയളവിൽ ഡോക്ടർ പി. വി. വിശ്വനാഥൻ നമ്പൂതിരി സാർ എടുത്ത ക്ലാസ്സുകളുടെ സമാഹാരമായ സനാതനസുധ എന്ന പുസ്തകം അതർഹിക്കുന്ന തലത്തിലേക്ക് ഉയർന്നു കഴിഞ്ഞു. പതിനായിരങ്ങളെ സാക്ഷിനിറുത്തി കേരളമുഖ്യമന്ത്രിയുൾപ്പെട്ട വിശിഷ്ട വ്യക്തികൾ നിറഞ്ഞ സദസിൽ ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ സമ്മാനമായി ആദരണീയനായ പ്രധാനമന്ത്രിക്ക് ഈ പുസ്തകം സമ്മാനിച്ചപ്പോൾ അത് ഏവർക്കും അഭിമാന നിമിഷങ്ങളായി മാറി
ആനിക്കാട് സനാതന സ്കൂൾ ഓഫ് ലൈഫും പത്തനംതിട്ട കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗീത പ്രചാരക് സമതിയും കോട്ടയം സ്വാമിയാർ മഠത്തോട് ചേർന്നുള്ള പ്രസരം സംസ്കൃത സമാജവും ചേർന്നാണ് ആ ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നത്.
പഠിതാക്കളുടെ ആഗ്രഹമായിരുന്നു തങ്ങൾക്ക് ലഭിച്ച അറിവുകൾ പുസ്തകമാക്കണം എന്നത്, ഒരു വർഷം മുൻപ് അവർ അത് സാധിച്ചു,
സനാതന സ്കൂളിലെ പഠിതാവും വിശ്വനാഥൻ സാറിന്റെ ശിഷ്യൻ ആയിരുന്ന സൂര്യൻ അയ്യർ ആണ് സനാതന സുധ .ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇംഗ്ലീഷ് പരിഭാഷ കഴിഞ്ഞമാസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വെച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിക്ക് ആദ്യപ്രതി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ അതീവ താൽപ്പര്യം തോന്നിയ ഗവർണർ അത് പ്രധാനമന്ത്രിക്ക് സമ്മാനിക്കുകയായിരുന്നു.
ഡോക്ടർ വിശ്വനാഥൻ നമ്പൂതിരിയെ
ആദ്ധ്യാത്‌മിക മേഖലയിൽ പ്രത്യേകം ഒരു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കോട്ടയം മാർ ബസേലിയസ് കോളേജിൽ സംസ്കൃത വിഭാഗം മേധാവിയായി വിരമിച്ച സാർ അക്കാദമിക് രംഗത്തും ആദ്ധ്യാത്‌മിക മേഖലയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
2018 ൽ ഗോവിന്ദകീർത്തി, 2019 ൽ ധർമകീർത്തി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്. ഈ മാസം 13 നു കാലടി ശ്രീരാമകൃഷ്ണാശ്രമത്തിൽ വച്ച് ബഹുമാനപ്പെട്ട കേരള ഗവർണറിൽ നിന്നും ശ്രീമദ് ആഗമാനന്ദസ്വാമികളുടെ പേരിലുള്ള ആഗമാനന്ദ പുരസ്‌ക്കാരത്താലും വിശ്വനാഥൻ സാർ ആദരിക്കപ്പെടുകയുണ്ടായി. സംസ്കൃതഭാഷ പ്രചരണ രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തിയായിരുന്നു ഈ പുരസ്ക്കാരം.
25 ലധികം വർഷങ്ങളായി ഭാഗവത സത്രവേദികളിലെ സാന്നിധ്യമായ ഇദ്ദേഹം പ്രസരം എന്ന കൂട്ടായ്മയിലൂടെ കോട്ടയം തിരുനക്കര തൃക്കൈക്കാട്ടു സ്വാമിയാർ മഠം കേന്ദ്രീകരിച്ചു വിവിധ പഠന പരിപാടികൾക്കും ആദ്ധ്യാത്‌മിക കൂട്ടായ്മകൾക്കും നേതൃത്വം നൽകുന്നുണ്ട്. അനേകം ആദ്ധ്യാത്‌മിക ഗ്രന്ഥങ്ങളുടെ കർത്താവും ഗവേഷണ മാർഗദർശിയും പ്രഭാഷകനും കൂടിയായ ഡോ. പി വി വിശ്വനാഥൻ സമ്പൂതിരിസാർ അമൃത ടി വി യിലെ ശ്രേഷ്ഠഭാരതം പരിപാടിയുടെയും എല്ലാവര്ക്കും സുപരിചിതനാണ്.
ഇന്നലെ തന്റെ പുസ്തകം ലോകനേതാവിന്റെ കൈകളിൽ എത്തിയതിന്റെ ആഹ്ലാദത്തിലാണ് വിശ്വനാഥൻ നമ്പൂതിരിയും കുടുംബവും.