തയ്യാറാക്കിയത്
തിരുവുംപ്ലാവിൽ ദേവസ്വം
ആനിക്കാട്, മൂവാറ്റുപുഴ

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കർക്കടക വാവിന് എങ്ങനെ ബലിയിടാം?

പലരിൽ നിന്നും വന്ന സംശയങ്ങൾക്ക് ഒരു മറുപടിയായി ഇത് തയ്യാറാക്കുന്നു

ബലിയിടാൻ (പുരുഷന്മാർ)

ബലിക്ക് ഒരുക്കേണ്ടുന്ന സാധനങ്ങൾ

എള്ള് – ഒരുപിടി
ചെറൂള ഒരുപിടി
ചന്ദനം – കുറച്ച്
കിണ്ടി – 1
കവ്യം – (ഉണക്കലരി വറ്റിച്ച ചോറ്)

പവിത്രം (ഒരു മുഴം നീളത്തിൽ രണ്ട് ദർഭപുല്ല് എടുത്തു നടു മടക്കി തലയും കടയും ചേർത്ത് കെട്ടുക ഒരു മോതിരം പോലെ കൈവിരലിൽ ഇടാൻ പാകത്തിന്)

കുറുമ്പുല്ല് (കുറച്ചു ദർഭപ്പുല്ല് ഒരു ചാൺ നീളത്തിൽ മുറിച്ച് വെക്കുക) ഈ പുല്ല് നിലത്ത് വിരിച്ചു അതിന് മുകളിൽ ഇലയിലോ പാത്രത്തിലോ വേണം പിണ്ഡം ഉരുട്ടിയത് തയ്യാറാക്കി വയ്ക്കുവാൻ

അഗ്രമുള്ള
12 ദർഭപ്പുല്ല് ഒരു മുഴം നീളത്തിൽ മുറിച്ചു വയ്ക്കുക.

തെക്കോട്ട് തിരിഞ്ഞിരുന്ന് കൈകഴുകി  വലതുകൈ മോതിര വിരലിൽ പവിത്രം ഇട്ട് ചെറൂളയും ചന്ദനവും കൈയിലെടുത്ത്

“ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു”

എന്ന മന്ത്രം ചൊല്ലി കിണ്ടിയിലെ വെള്ളത്തിൽ ഇട്ട് കിണ്ടി പ്രോക്ഷിച്ച് (കിണ്ടിയുടെ വാലിൽ നിന്ന് വെളളം കയ്യിൽ എടുത്തു കിണ്ടിയുടെ വായിലേക്ക് മൂന്നു പ്രാവശ്യം ഒഴിക്കുന്നതിനാണ് കിണ്ടി പ്രോക്ഷിക്കുക എന്ന് പറയുന്നത്) നിലത്ത് തളിച്ചു മെഴുകി നേരത്തെ തയ്യാറാക്കിവെച്ച 12 ദർഭപുല്ലിൽ ഒരെണ്ണം തല തെക്ക് വശത്തേക്ക് വരത്തക്കവണ്ണം നിലത്ത് വയ്ക്കുക. വെള്ളം തളിച്ച് ആ പുല്ല് പൊട്ടിച്ച് പുറകിൽ കളഞ്ഞ് അവിടെ എള്ളു തൊട്ട് നീര് കൊടുത്ത് അവിടെ ബാക്കിയുള്ള 11 പുല്ല് എടുത്ത് കഴുകി എള്ളു കൂട്ടി തിരുമ്മി വിരിച്ച് കടക്കൽ തൊട്ടു തൊഴുക. പുല്ലിലായി 3 വെള്ളം, ചന്ദനം നീരു കൂട്ടി 3 പ്രാവശ്യം എള്ള് നീരു കൂട്ടി 3 പ്രാവശ്യം 3 പൂവാരാധിച്ച് തൊഴുത്
പിതൃക്കളെ ആവാഹിക്കുക.
അതിന് ചന്ദനം, ചെറൂള, എള്ള്, വെള്ളം ഇങ്ങനെ എല്ലാം കൂട്ടി വലതു കയ്യിൽ പിടിച്ച് ഹൃദയത്തോട് ചേർത്ത് പിടിച്ച് നട്ടെല്ല് നിവർത്തി കണ്ണുകളടച്ചു വച്ചുകൊണ്ട് രണ്ടു കയ്യിലുമാക്കി പിതൃക്കളെ സങ്കല്പിച്ച് ആവാഹിച്ച് പുല്ലിന് നടുക്ക് വയ്ക്കുക. ശേഷം 3 തവണ വീതം വെള്ളം, ചന്ദനം, എള്ള്, ചെറൂള എന്നിവ അർച്ചിക്കുക

പിണ്ഡ സമർപ്പണം

നേരത്തെ തയ്യാറാക്കിവെച്ച ചോറുരുള എള്ള് കൂട്ടി വലതു കയ്യിൽ എടുത്ത് ഹൃദയത്തോട് ചേർത്തുപിടിച്ച് കണ്ണുകൾ അടച്ചു വച്ച് നട്ടെല്ല് നിവർത്തി പിണ്ഡം സമർപ്പിക്കുന്നതായി പ്രാർത്ഥിച്ച് പുല്ലിൻ്റെ നടുക്ക് വയ്ക്കുക. പിണ്ഡം തൊട്ട് തൊഴുത് തിലോദകം ചെയ്യുക.

തിലോദകം

(ഇടതുകൈയിൽ കിണ്ടിയെടുത്ത് വലതുകൈയിൽ എള്ള്  വാരിയെടുത്ത് വലതുകൈയുടെ ചൂണ്ടുവിരൽ മാത്രം നിവർത്തി പിടിച്ച്  വലതുകൈയിലേക്ക് വെള്ളമൊഴിക്കുമ്പോൾ
എള്ളും വെള്ളവും ചേർന്ന മിശ്രിതം വലതുകൈ ചൂണ്ടുവിരലിലൂടെ 3 പ്രാവശ്യം പിണ്ഡത്തിൽ വീഴ്ത്തുക)
ശേഷം ഒരു പൂവെടുത്ത് സമർപ്പിക്കുക. പിന്നെ പവിത്രം ഊരി ഇലയിൽ നിന്നും ഒരു വറ്റ് എടുത്ത് മണത്ത് പുറകിൽ കളഞ്ഞ് കൈകഴുകി പവിത്രമിട്ട്
ശേഷം 3 വെള്ളം, ചന്ദനം നീരു കൂട്ടി 3 പ്രാവശ്യം എള്ള് നീരു കുട്ടി 3 പ്രാവശ്യം 3 പൂവാരാധിച്ച് തൊഴുത് ഒരു നൂല് കഴുകി പിണ്ഡത്തിൽ വെച്ച്
5 വെള്ളം, ചന്ദനം നീരു കൂട്ടി 5 പ്രാവശ്യം എള്ള് നീരു കൂട്ടി 5 പ്രാവശ്യം 5 പൂവാരാധിച്ച് തൊഴുത് പുല്ലിൻ്റെ തലയ്ക്കൽ തളിച്ചു മെഴുകി എള്ളു കൂട്ടി നീരുകൊടുത്ത് എള്ളും പൂവും ചന്ദനവും കുറച്ച് കവ്യവും കൂടി ഒരുമിച്ച് വലതു കയ്യിലെടുത്ത് എടതുകൈയ്യിൽ കിണ്ടിയുമെടുത്ത് ഒരുമിച്ച് പുല്ലിൻ്റെ തലയ്ക്കലായി വംശപിതൃക്കളെ സങ്കല്പിച്ച് തൂവുക. അവിടെ 3 വെള്ളം, ചന്ദനം നീരു കൂട്ടി 3 പ്രാവശ്യം എള്ള് നീരു കുട്ടി 3 പ്രാവശ്യം 3 പൂവാരാധിച്ച് തൊഴുത് എഴുന്നേറ്റ് പ്രദക്ഷിണം വെച്ച് നമസ്ക്കരിക്കുക. ശേഷം ചന്ദനം, ചെറൂള, എള്ള്, വെള്ളം ഇങ്ങനെ എല്ലാം കൂട്ടി വലതു കയ്യിൽ പിടിച്ച് ഹൃദയത്തോട് ചേർത്ത് പിടിച്ച് നട്ടെല്ല് നിവർത്തി കണ്ണുകളടച്ചു വച്ചുകൊണ്ട് രണ്ടു കയ്യിലുമാക്കി പിതൃക്കളെ സങ്കല്പിച്ച് പിതൃലോകത്തേക്ക് ഉദ്വസിക്കുന്നു എന്ന് സങ്കല്പിച്ച് പുല്ലിനു തലയ്ക്കലായി മുകളിലേക്ക് ഇടുക.
പിന്നെ എല്ലാം ഇലയിൽ എടുത്ത് വെച്ച് ഗൃഹത്തിൻ്റെ തെക്കു കിഴക്കേ മൂലയിൽ ചാണകം തളിച്ച് ശുദ്ധമാക്കിയ സ്ഥലത്ത് കൊണ്ട് വെച്ച് പവിത്രം അഴിച്ചു കളഞ്ഞ് കൈകഴുകി കൈ കൊട്ടി തെക്ക് ദിക്ക് നോക്കി തൊഴുക

(സ്ത്രീകൾ ചെയ്യുമ്പോൾ കിഴക്കോട്ട് തിരിഞ്ഞിരുന്നു ചെയ്യുക.  ചെറൂളയ്ക്ക് പകരം തുളസിപ്പൂവ് ഉപയോഗിക്കുക. പിണ്ഡം ഉരുട്ടേണ്ട. പുല്ല് വിരിക്കുന്ന സ്ഥാനത്ത് തൂശനില വെച്ച് പിണ്ഡം പൊത്തുകയാണ് വേണ്ടത്. കൈ കമഴ്ത്തിവയ്ക്കുന്ന ആകൃതിയിൽ ചോറ് പൊത്തിവയ്ക്കുക. മറ്റു വ്യത്യാസങ്ങൾ ഇല്ല.)

പിതൃസ്മരണ

നട്ടെല്ല് നിവർത്തി കണ്ണുകൾ അടച്ചു നമുക്ക് ജന്മം തന്ന നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ രക്ഷിതാക്കളെ മാതാപിതാക്കളെ പിതൃപരമ്പരയെ വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി സ്മരിക്കുകയും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് ക്ഷമ പറയുകയും ചെയ്യുക
നമുക്ക് തന്ന സംസ്ക്കാരത്തിനും സമ്പത്തിനും സ്നേഹത്തിനും കരുതലിനും
അങ്ങേയറ്റം നന്ദി പറയുക

ഭസ്മം നനച്ച് കുറിയിട്ട് 108 ഒരു നമ:ശിവായ 108 ഉരു നാരായണ നാമം ജപിച്ചു മുതിർന്നവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങിക്കുക.
ശേഷം കിഴക്കോട്ട് തിരിഞ്ഞിരുന്ന് ബലിശേഷം (ബലിയിട്ടതിൻറെ ബാക്കി ചോറ്) കഴിക്കുക.

ഇതാണ് സാധാരണ രീതിയിൽ ബലിയിടേണ്ട വിധി. ഇതിന് സാധിക്കാത്തവർ താഴെ പറയുന്ന വിധത്തിൽ പിതൃസ്മരണ ചെയ്യുക.
**********************************************************************************

ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ സ്വന്തം ഗൃഹത്തിൽ ഏറ്റവും ചുരുങ്ങിയ രീതിയിൽ ചെയ്യാവുന്ന പിതൃസ്മരണയുടെ രീതിയാണ് ഇനി പറയുന്നത്.

കറുത്തവാവിനു തലേദിവസം പതിവുപോലെ ഒരിക്കൽ ആചരിക്കുക. നമ്മുടെ ശരീരവും മനസ്സും പൈതൃക ചൈതന്യത്തെ സ്വാംശീകരിക്കുവാനായി തയ്യാറാക്കുകയാണ് ഇതുവഴി ചെയ്യുന്നത്

ശ്രാദ്ധ ദിവസം പ്രഭാത സ്നാനം ചെയ്ത് മുറ്റത്ത് ശുദ്ധമായ സ്ഥലത്ത് ഒരു പരന്ന പാത്രത്തിൽ ശുദ്ധജലമെടുത്ത് കിഴക്കു തിരിഞ്ഞ് നിന്ന് രണ്ടോ മൂന്നോ തുളസിയിലകൾ അതിലിട്ട്

” ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു”
എന്ന് ചൊല്ലി സപ്തതീർത്ഥങ്ങളെ സ്മരിക്കുക. (സാധാരണ ബലിയാടാൻ പോകാറുള്ള സ്ഥലത്തെ തീർത്ഥവും അവിടുത്തെ ദേവനേയും സ്മരിക്കുക)

ശേഷം, രണ്ടു കൈയും കുടുന്നയാക്കി വെള്ളം കൈയിൽ കോരിയെടുത്ത്
“ദേവാം തർപ്പയാമി ” എന്ന് ചൊല്ലി മൂന്നു പ്രാവശ്യം കിഴക്കോട്ട് ഒഴിക്കുക. (ഓരോ തവണയും പ്രത്യേകം പ്രത്യേകം വെള്ളമെടുക്കണം)

വീണ്ടും അതുപോലെ വെള്ളമെടുത്ത് “ദേവഗണാം തർപ്പയാമി ” എന്ന് ചൊല്ലി മൂന്ന് പ്രാവശ്യം കിഴക്കോട്ട് ഒഴിക്കുക.

വീണ്ടും അതുപോലെ വെള്ളമെടുത്ത്
” ഋഷീം തർപ്പയാമി” എന്ന് ചൊല്ലി മൂന്ന് പ്രാവശ്യവും, ”ഋഷിഗണാം തർപ്പയാമി” എന്ന് മൂന്ന് പ്രാവശ്യവും ചെയ്യുക.

പിന്നെ തെക്കു തിരിഞ്ഞ് നിന്ന് മുന്നേപ്പോലെ വെള്ളമെടുത്ത് “പിതൃം തർപ്പയാമി” എന്നും “പിതൃഗണാം തർപ്പയാമി” എന്നും ചൊല്ലി മുന്നു പ്രാവശ്യം വീതം തെക്കോട്ട് ഒഴിക്കുക
(സ്ത്രീകൾ എല്ലാ തർപ്പണവും കിഴക്കോട്ട് മതി)

പിന്നെ അവിടെ നട്ടെല്ലു നിവർത്തി നിന്ന് കൈകൾ കൂപ്പി പിതൃസ്മരണ ചെയ്യുക.

പിതൃ സ്മരണ

നട്ടെല്ല് നിവർത്തി കണ്ണുകൾ അടച്ചു നമുക്ക് ജന്മം തന്ന നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ രക്ഷിതാക്കളെ മാതാപിതാക്കളെ പിതൃപരമ്പരയെ വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി സ്മരിക്കുകയും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് ക്ഷമ പറയുകയും ചെയ്യുക
നമുക്ക് തന്ന സംസ്ക്കാരത്തിനും സമ്പത്തിനും സ്നേഹത്തിനും കരുതലിനും
അങ്ങേയറ്റം നന്ദി പറയുക

ഗൃഹത്തിൽ പ്രവേശിച്ച് ശുദ്ധമായി ഉണക്കലരിയോ പച്ചരിയോ വറ്റിച്ച് അല്പം ചോറ് ഒരു ഇലയിൽ എടുത്ത് ഗൃഹത്തിൻ്റെ തെക്ക് കിഴക്ക് ഭാഗത്ത് ശുദ്ധമായിട്ടുള്ള സ്ഥലത്ത് കാക്കകൾക്ക് ഭക്ഷിക്കാനായി വയ്ക്കുക.

ഭസ്മവും ചന്ദനവും കുറിയിട്ട് 108 പ്രാവശ്യം നമ:ശിവായ 108 പ്രാവശ്യം നാരായണ ജപിച്ചു മുതിർന്ന കുടുംബാംഗങ്ങളെ നമസ്ക്കരിക്കുക.

അല്പസമയം പുരാണ ഗ്രന്ഥങ്ങൾ, വിഷ്ണു സഹസ്രനാമം മുതലായവ പാരായണം ചെയ്യുക.

കഴിവനുസരിച്ച് എന്തെങ്കിലും ദാനധർമ്മങ്ങൾക്കായി മാറ്റി വയ്ക്കുക. (അർഹരായവർക്ക് കൊടുക്കുക)

അന്നും ഒരിക്കൽ ആചരിക്കുക.

ഈ സാഹചര്യങ്ങൾ മാറുമ്പോൾ സാധാരണ പോകാറുള്ള തീർത്ഥ സ്ഥാനങ്ങളിൽ അവിടുത്തെ ആചാരപ്രകാരം ബലിയിടുക .

കുറിപ്പ്: ഇത് ബലിയിടുന്നതിനു പകരമുള്ള ചടങ്ങല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പിതൃസ്മരണയ്ക്കു വേണ്ടിയുള്ള ഒരു നിർദ്ദേശം മാത്രമാണ്.

തയ്യാറാക്കിയത്
തിരുവുംപ്ലാവിൽ ദേവസ്വം
ആനിക്കാട്, മൂവാറ്റുപുഴ

ഈ പോസ്റ്റ് സംബന്ധിച്ച സംശയങ്ങൾ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വാട്സാപ് സന്ദേശം ആയോ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഗൂഗിൾ ഫോം ( https://forms.gle/g6uJxBqY5Ks3SZkr9 ) വഴിയോ മാത്രം അയയ്ക്കുക. ദയവായി കോൾ ഒഴിവാക്കുക.

ഫോൺ നമ്പർ
9995010774