സനാതന സ്കൂൾ ഓഫ് ലൈഫിന്റെ മുപ്പത്തിയെട്ടാമത്‌ ‌ ഓൺലൈൻ സത്സംഗത്തിൽ ഭാഗവതാചാര്യനും ഗുരുവായൂർ മുൻ മേൽശാന്തിയുമായ ബ്രഹ്മശ്രീ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി പങ്കെടുക്കുന്നു.

Date: 26-May-2020 , Tuesday 10:30AM – 11:15 AM

വിഷയം: – കണ്ണന്റെ കാരുണ്യം

ബ്രഹ്മശ്രീ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി – ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി.

ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീചോറ്റാനിക്കരയമ്മയുടെയും മേൽശാന്തി സ്ഥാനം നാലു തവണ വീതം അലങ്കരിക്കാൻ അത്യപൂർവ ഭാഗ്യം സിദ്ധിച്ച ബ്രഹ്മശ്രീ മൂർക്കന്നൂർ കൃഷ്ണൻ നമ്പൂതിരിയുടെയും ഗൗരിഅന്തർജ്ജനത്തിന്റെയും മകനായി 1968 ൽ ചാലക്കുടിയിൽ ജനനം. ചാലക്കുടി പനമ്പിള്ളി സ്മാരക സർക്കാർ കോളേജിൽ നിന്നും വാണിജ്യശാസ്ത്രത്തിൽ ബിരുദം. ജ്യേഷ്ഠൻ ഡോ . മൂർക്കന്നൂർ നാരായണന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് 1991 ൽ എക്സ്പ്രസ്സ് ദിനപ്പത്രത്തിന്റെ ചാലക്കുടി ലേഖകനായി പത്രപ്രവർത്തന രംഗത്തേക്ക് കടന്നു. തുടർന്ന് 1998 മുതൽ 2013 വരെ മലയാളമനോരമയുടെ ലേഖകനായിരുന്നു.

ആദ്ധ്യാത്‌മികരംഗത്ത് അച്ഛന്റെ പാത പിന്തുടർന്ന ഇദ്ദേഹത്തെ  2007 ൽ സാക്ഷാൽ ശ്രീഹരിയായ ശ്രീഗുരുവായൂരപ്പൻ തന്റെ മേൽശാന്തി സ്ഥാനം നൽകി അനുഗ്രഹിച്ചു. തുടർന്ന് നിരവധി ഭക്തിപ്രഭാഷണങ്ങൾ നടത്തിയ ഇദ്ദേഹം 2010 മെയ് 23 ന് ഇല്ലത്തിനു സമീപം മരത്തോമ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തന്റെ ആദ്യ സപ്‌താഹത്തിൽ ആചാര്യനായി.

തുടർന്ന് കേരളത്തിനകത്തും പുറത്തും നിരവധി ഭാഗവത സപ്‌താഹങ്ങളുടെ ആചാര്യനാകാൻ കഴിഞ്ഞു. അഖിലഭാരത നാരായണീയ പ്രചാരസഭയുടെ അഞ്ചു മഹാസത്രങ്ങളുടെ ആചാര്യസ്ഥാനവും അഖിലഭാരത ആത്‌മീയ പ്രചാരസഭയുടെ നേതൃത്വത്തിൽ നടന്ന രണ്ടു ദശാവതാര മഹാസത്രങ്ങളിലും ആചാര്യനായി. ഭാഗവതവംശി, നാരായണീയ കീർത്തന കുലപതി, മേല്പത്തൂർ പുരസ്ക്കാരം, കൃഷ്ണമുരളിക, ഭാഗവത കീർത്തന രത്നം, ഭാഗവത കൗസ്തുഭം, ഭാഗവത ചൂഡാമണി, നരസിംഹകീർത്തി, തുടങ്ങിയ പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.

ഭക്തപ്രിയ, ശ്രീഗുരുവായൂരപ്പൻ, ഗോവിന്ദം, പുണ്യതീർത്ഥം, വാകച്ചാർത്ത്, തുടങ്ങി നിരവധി ആനുകാലികങ്ങളിലും മലയാള ദിനപ്പത്രങ്ങളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിച്ചിട്ടുണ്ട്. നാരായണീയത്തെ ആസ്പദമാക്കി വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ ശ്രീഹരീയം എന്ന പേരിൽ ഇദ്ദേഹം എഴുതിയ പുസ്തകം ഇന്ന് നാരായണീയ ഉപാസകരുടെ പ്രിയപ്പെട്ട ഗ്രന്ഥമായി മാറിക്കഴിഞ്ഞു.

ശ്രീഹരിഗീത (ശ്രീമദ് ഭഗവദ്ഗീതയുടെ പരിഭാഷ), അഗ്രേ പശ്യാമി(മേൽശാന്തി സ്മരണകൾ), ഭഗവതത്തോണി (ലഖു ഭാഗവതം), ശ്രീഹരി കീർത്തനങ്ങൾ, ഭക്തിമാലികാ, കൃഷ്ണഗീതികാ, തുടങ്ങിയ ഗ്രന്ഥങ്ങളും നിരവധി കവിതകളും രചിച്ചിട്ടുണ്ട്. ഭാഗവതകോകിലം വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായി അദ്ദേഹത്തെ മാനസഗുരുവായി കണക്കാക്കിയാണ് സപ്‌താഹസപര്യ നടത്തുന്നത്. ചാലക്കുടി പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റ് ആയും യോഗക്ഷേമ യുവജനസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ ശ്രീജയും സപ്‌താഹങ്ങളിൽ ഇദ്ദേഹത്തെ അനുഗമിക്കുന്നു. മക്കൾ ഗൗരി, പാർവ്വതി, മരുമകൻ എഴിക്കോട് ആര്യൻ നമ്പൂതിരി, ദൗഹിത്രി അദ്രിജ ആര്യൻ.

Mobile: 944 630 2811
Email : [email protected]